ഫ്യൂജിഗംഗ സാമൂഹിക പ്രതിബദ്ധതയുള്ള സന്നദ്ധ സംഘടന












ഫ്യൂജിഗംഗ എന്ന പേര്‌ ഇന്ന്‌ സഹ്യന്റെ താഴ്‌വരക്കും സമീപ വാസികള്‍ക്കും അന്യമല്ല . പ്രവര്‍ത്തന മികവുകൊണ്ടും , ഏറ്റെടുക്കുന്ന കാര്യങ്ങളോടുള്ള വിട്ടു വീഴ്‌ചയില്ലാത്ത സമീപനങ്ങള്‍ കൊണ്ടും ഫ്യൂജിഗംഗയ്‌ക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും സമൂഹത്തിന്റെ അതിരറ്റ സ്‌നേഹം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. സാമൂഹിക - സേവന- സാംസ്‌കാരിക രംഗത്ത്‌ പുതിയ കാല്‍വയ്‌പ്പുമായി ഏഴാം വയസ്സിലേക്ക്‌ പ്രവേശിക്കുന്ന ഫ്യൂജിഗംഗയ്‌ക്ക്‌ ഈ ചെറിയ കാലയളവിനുള്ളില്‍ വ്യത്യസ്‌തമായ പ്രവര്‍ത്തനശൈലിയിലൂടെ ഏറെ കാര്യങ്ങള്‍ സമൂഹത്തിനുവേണ്ടി കാഴ്‌ചവയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌ . ഓരോ വര്‍ഷവും പിന്നിടുമ്പോള്‍ പുതിയ പുതിയ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി വരുന്നു. ചാരിറ്റബിള്‍ സൊസൈറ്റീസ്‌ ആക്‌ട്‌ അനുസരിച്ച്‌ ഇന്തോ-ജപ്പാന്‍ സൗഹൃദ സന്നദ്ധ സംഘടനയായിട്ടാണ്‌ ഫ്യൂജിഗംഗ രജിസ്റ്റര്‍ ചെയ്‌തത്‌. സംഘടന അതിന്റെ പേരുകൊണ്ടു തന്നെ വ്യത്യസ്ഥത പുലര്‍ത്തിയിരുന്നു. ഫ്യൂജി ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപര്‍വ്വതമാണ്‌. ജാപ്പനീസ്‌ ജനത അവരുടെ രാജ്യത്തിന്റെ ശ്രേഷ്‌ഠമായ സിംബലായി ഫ്യൂജിയെ കാണുന്നു. ഭാരതീയ സംസ്‌കാരത്തില്‍ ഗംഗ ക്കുള്ള സ്ഥാനമാണ്‌ ഫ്യൂജിക്ക്‌ ജപ്പാനിലുള്ളത്‌.ഫ്യൂജിഗംഗ ലക്ഷ്യം വയ്‌ക്കുന്നത്‌ ഈ മഹത്തായ രണ്ട്‌ സംസ്‌കാരങ്ങളുടേയും സമന്വയവും അതിലൂടെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള യത്‌നവുമാണ്‌. സാമൂഹിക പ്രതിബദ്ധതയുള്ളവരും വിവിധജീവിത തലങ്ങളിലുള്ളവരുമായ ഇന്ത്യക്കാരും ഇതിനോട്‌ മാനസിക ഐക്യമുള്ള കുറേ ജപ്പാന്‍കാരുമാണ്‌ ഇതിന്‌ പിന്നിലുള്ളത്‌.
2005 ജൂലൈ23 ന്‌ തൊടുപുഴ കൃഷ്‌ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഫ്യൂജിഗംഗയുടെ പ്രവര്‍ത്തന ഉദ്‌ഘാടനം നടന്നത്‌ മന്ത്രി പി.ജെ. ജോസഫാണ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചത്‌. പേരു പോലെ തന്നെ ഉദ്‌ഘാടനത്തിന്‌ അവതരിപ്പിച്ച കലാ പരിപാടിക്കും ഉണ്ടായിരുന്നു വ്യത്യസ്ഥത. പ്രശസ്‌ത ജാപ്പനീസ്‌ നര്‍ത്തകി ഹിരോമി മരുഹാഷി അവതരിപ്പിച്ച മോഹിനിയാട്ടം ആയിരുന്നു ഉദ്‌ഘാടന പരിപാടി. തനി കേരളീയ കലാരൂപമായ മോഹിനിയാട്ടം അതിന്റെ ലാസ്യഭാവം ഒട്ടും ചോര്‍ന്നു പോകാതെ ഒരു ജപ്പാന്‍കാരി അവതരിപ്പിച്ചപ്പോള്‍ അത്‌ കാണികളില്‍ അത്ഭുതമായി മാറി.
അന്നും ഇന്നും വ്യത്യസ്ഥതകള്‍ സമ്മാനിക്കുന്നതിന്‌ ഫ്യൂജിഗംഗ ശ്രദ്ധിക്കാറുണ്ട്‌. ആദ്യ ഒരു വര്‍ഷക്കാലം ചെറിയ ചെറിയ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായിരുന്ന ഫ്യൂജിഗംഗ ശ്രദ്ധിച്ചത്‌. അവശത അനുഭവിക്കുന്നവര്‍ക്കും രോഗികള്‍ക്കും സാന്ത്വനം നല്‍കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി. അതോടൊപ്പം തൊടുപുഴയെ തണലണിയിക്കുന്ന പദ്‌ധതിയിലും സാമൂഹ്യ വനവത്‌കരണ പദ്ധതികളിലും പങ്കാളികളായി. നിരദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനോപകരണങ്ങളും യൂണീഫോമുകളും വിതരണം ചെയ്‌തു. നിരലംഭമായ ഒരു കുടുംബത്തിന്‌ താങ്ങും തണലുമാകാനും ആദ്യ വര്‍ഷം ഫ്യൂജിഗംഗയ്‌ക്കായി.
രണ്ടാം വര്‍ഷമായപ്പോള്‍ ആദ്യവര്‍ഷം ആരംഭിച്ച സേവന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക്‌ വ്യാപിച്ചതിനോടൊപ്പം തന്നെ പുതിയ പദ്‌തികള്‍ക്കും രൂപം നല്‍കി. സാമൂഹിക പ്രതിബദ്ധയുള്ള പ്രശ്‌നങ്ങളില്‍ ഇടപെടുകയും അത്തരം നിരവധിയായ പ്രവര്‍ത്തനങ്ങള്‍ക്ക്‌നേതൃത്വം നല്‍കുവാനും കഴിഞ്ഞു. വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും ഏറെ ദോഷകരമായി ബാധിച്ചിട്ടുള്ള പാന്‍ മസാല പാന്‍ പരാഗ്‌ പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്ക്‌ എതിരേ സംസ്ഥാന എക്‌സൈസ്‌ വകുപ്പുമായി സഹകരിച്ച്‌ ബോധവത്‌കരണ ക്ലാസുകള്‍ ആരംഭിച്ചു. ബോധ വത്‌കരണ പരിപാടികള്‍ ഈപ്പോഴും തുടര്‍ന്നു വരുന്നു. അന്‍പതോളം സ്‌ക്കൂളുകളിലും കോളേജുകളിലും മറ്റ്‌ ഗ്രാമീണ മേഖലകളിലും ഇതിനോടകം ബോധവത്‌കരണക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള അഡാര്‍ട്ട്‌ എന്ന സ്ഥാപനത്തിലെ പരിശീലനം സിദ്ധിച്ച ആളുകളാണ്‌ ക്ലാസ്സുകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.
2005 മുതല്‍ ജപ്പാനില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും പൂര്‍ണ്ണ സംഘടനാ രൂപം കൈവന്നത്‌ 2007 ലാണ്‌. ഫ്യൂജിഗംഗ ജപ്പാന്‍ ചാപ്‌റ്ററിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌ കേരളാ വനം വകുപ്പ്‌ മന്ത്രി ബിനോയ്‌ വിശ്വം ആണ്‌. 2007 ഒക്‌ടോബര്‍ 30 ന്‌ ജപ്പാനിലെ ടോക്കിയോവില്‍ വച്ചായിരുന്നു ഉദ്‌ഘാടന ചടങ്ങ്‌.
സാമൂഹിക- സേവന മേഖലകള്‍ക്ക്‌ ഒപ്പം കലാ- സാംസ്‌കാരിക മേകലകളിലേക്കു കൂടി ഫ്യൂജിഗംഗ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുവാന്‍ തീരുമാനം ഉണ്ടായത്‌ മൂന്നാം വര്‍ഷത്തിലാണ്‌. ഈ ലക്ഷ്യത്തോടെ ആരംഭിച്ച സര്‍ഗ്ഗസംഗമം നാലു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഫ്യൂജിഗംഗയുടെ അസ്സോസിയേറ്റ്‌ അംഗങ്ങള്‍ക്കായി ആരംഭിച്ച സര്‍ഗ്ഗ സംഗമം പരിപാടിയില്‍ പ്രതിവര്‍ഷം 10 കലാപരിപാടികള്‍ ഉണ്ടാകും. നാല്‍പ്പതിലധികം പരിപാടികള്‍ ഇതിനോടകം സംഘടിപ്പിച്ച്‌ കഴിഞ്ഞിട്ടണ്ട്‌.
മുന്‍ വര്‍ഷങ്ങളിലേതു പോലെ നിര്‍ദ്ധനരും നിരാലംബരുമായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനോപകരണങ്ങളും യൂണീഫോമും അശരണര്‍ക്ക്‌ മരുന്നും വിതരണം ചെയ്യുന്നതോടൊപ്പം തന്നെ ഒരു വലിയ പ്രോജക്‌ടിനു കൂടി നാലാം വര്‍ഷം തുടക്കം കുറിച്ചു. വനാന്തരങ്ങളില്‍ ദുരിത പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ കഴിയുന്ന, പട്ടിണിയും ചൂഷണവും മൂലം കഷ്‌ടപ്പെടുന്ന ആദിവാസികളെ സഹായിക്കുന്നതിനായി ആരംഭിച്ച സാന്ത്വന ബോധവത്‌കരണ പരിപാടിയായിരുന്നു അത്‌. ഈ പദ്ധതിയുടെ ഭാഗമായി ആദിവാസി ഊരുകളിലെത്തി അരിയും ഭക്ഷണസാധനങ്ങളും, വസ്‌ത്രങ്ങളും വിതരണം ചെയ്യുന്നതോടൊപ്പം മദ്യത്തിനും മയക്കുമരുന്നിനും, ചൂഷണത്തിനും എതിരെ ബോധവത്‌കരണം നല്‍കുന്നതും ആയിരുന്നു പദ്ധതിയടെ ഘടന. ലോകപ്രശസ്‌ത മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടും ഈ പരിപാടിയില്‍ ഫ്യൂജിഗംഗയുമായി സഹകരിക്കുന്നു. മാജിക്കിന്റെ സഹായത്തോടെ മുതുകാട്‌ ബോധവത്‌കരണ പരിപാടിക്ക്‌ നേതൃത്വം നല്‍കി. മറയൂര്‍, കാന്തല്ലൂര്‍, മേഖലകളിലെ പന്ത്രണ്ടോളം ആദിവാസികുടികളിലായി രണ്ടു വര്‍ഷ കാലയളവിനുള്ളില്‍ പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടം പൂര്‍ത്തിയായി.
ഒന്നും രണ്ടും ഘട്ടങ്ങളിലായി പതിനായിരം കിലോ അരി, സാരികള്‍ , പുതപ്പുകള്‍ , ഷര്‍ട്ടുകള്‍ തുടങ്ങിയ പുതുതായി വാങ്ങിയ നൂറുകണക്കിന്‌ വസ്‌ത്രങ്ങള്‍, ഒരു ആദിവാസി കുടിയിലേക്ക്‌ സോളാറില്‍ പ്രവര്‍ത്തിക്കുന്ന കളര്‍ ടെലിവിഷന്‍ എന്നിവ ഈ പദ്ധതിയില്‍ പെടുത്തി ഇതുവരെ വിതരണം ചെയ്‌തിട്ടുണ്ട്‌. ഈ രണ്ട്‌ ഘട്ടങ്ങളിലുമായി നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ക്ക്‌ ആവശ്യമായ നാലു ലക്ഷത്തോളം രൂപാ ഫ്യൂജിഗംഗയുടെ ഇന്ത്യ, ജപ്പാന്‍ ചാപ്‌റ്ററുകളിലെ അംഗങ്ങളുടെ മാത്രം സംഭാവനയാണ്‌. ഒരു രൂപാ പോലും ഇതിനായി പുറത്തു നിന്നും പിരിക്കുന്നില്ല.
വൃദ്ധയായ മാതാവ്‌ മാത്രം ആശ്രയമുള്ള അന്ധയായ യുവതിക്ക്‌ ഒരു കച്ചവട ബങ്കപുനര്‍ നിര്‍മ്മിച്ച്‌ നല്‍കുവാനും ആവശ്യമായ സാധനങ്ങള്‍ വാങ്ങിച്ച്‌ നല്‍കുവാനും അഞ്ചാം വര്‍ഷം സാധിച്ചു. ആറാം വര്‍ഷമായപ്പോഴേക്കും പ്രവര്‍ത്തന മേഖലഏഴുകടലുകളും കടത്തുന്നതിനും ശ്രമം ആരംഭിച്ചു കഴിഞ്ഞു. ഇന്തോ ജപ്പാന്‍ സൗഹൃദസന്നദ്ധസംഘടനയായിട്ടാണ്‌ ഫ്യൂജിഗംഗരജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌ എങ്കിലും ഒരു ഇന്റര്‍നാഷണല്‍ സംഘടനയാക്കി ഇതിനെ മാറ്റാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍. അമേരിക്കയിലും ലണ്ടനിലും മിഡില്‍ ഈസ്റ്റിലും ഫ്യൂജിഗംഗ ചാപ്‌റ്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അവിടങ്ങളിലുള്ള മലയാളികളാണ്‌ ഇതിന്‌ നേതൃത്വം നല്‍കുന്നത്‌ പോയ വര്‍ഷം പുതിയ ഒരു മുന്നേറ്റത്തിനു കൂടി തുടക്കം കുറിക്കാന്‍ സാധിച്ചു. സൂര്യ കൃഷ്‌ണമൂര്‍ത്തി നയിക്കുന്ന സൂര്യ ഫെസ്റ്റിവല്‍ ആദ്യമായി മലനാടായ ഇടുക്കിയിലെത്തുന്നതും ഫ്യൂജിഗംഗയിലൂടെയാണ്‌. തൊടുപുഴയുടെ അഞ്ച്‌ ദിനരാത്രങ്ങള്‍ക്ക്‌ നാദ നൃത്തചുവടുകളാല്‍ വ്യത്യസ്‌തമായ ദൃശ്യാനുഭവമാണ്‌ സൂര്യ ഫെസ്റ്റിവല്‍ സമ്മാനിച്ചത്‌.ശബ്‌ദത്തിന്റെയും വെളിച്ചത്തിന്റെയും സമന്വയത്തിലൂടെ ലോകമെമ്പാടും കലയുടെ മാസ്‌മരിക ദൃശ്യശ്രാവ്യതരംഗങ്ങള്‍ സൃഷ്‌ടിച്ച സൂര്യ കൃഷ്‌ണമൂര്‍ത്തി നയിക്കുന്ന സൂര്യ ഫെസ്റ്റിവല്‍ ഇദംപ്രഥമമായാണ്‌ മലനാടായ ഇടുക്കിയിലെത്തുന്നത്‌. മുമ്പ്‌ തിരുവനന്തപുരത്ത്‌ മാത്രമായി നടന്നിരുന്ന സൂര്യ ഫെസ്റ്റിവല്‍ എല്ലാവര്‍ഷവും കേരളത്തില്‍ പ്രധാന പട്ടണങ്ങളില്‍ എല്ലാം നടക്കാറുണ്ടെങ്കിലും ഇടുക്കി ജില്ലയ്‌ക്ക്‌ ഈ സൗഭാഗ്യം ഇതേവരെ ദൃശ്യമായിരുന്നില്ല. ഈ മനോഹരമായ കലാവിരുന്ന്‌ തൊടുപുഴയില്‍ എത്തിക്കാന്‍ കഴിഞ്ഞതിലും വന്‍ വിജയമാക്കാന്‍ കഴിഞ്ഞതിലുമുള്ള ചാരിതാര്‍ത്ഥ്യത്തിലാണ്‌ ഫ്യൂജിഗംഗ പ്രവര്‍ത്തകര്‍. മലയാളികള്‍ക്ക്‌ അന്യമായ കഥക്‌ നൃത്തവും , ഉത്തരേന്ത്യന്‍ സംഗീത ഉപകരണങ്ങളായ പങ്കജും സാരംഗിയും തബലയും മൃദംഗവുമായി സമന്വയിപ്പിച്ച്‌ അവതരിപ്പിച്ച മ്യൂസിക്‌ ഫ്യൂഷനും ഹിന്ദുസ്ഥാനിയും ഗസലും അവയ്‌ക്കൊപ്പെം നമുക്ക്‌ ചിരപരിചിതമായ ഭരതനാട്യവും എല്ലാം കാണികള്‍ക്ക്‌ പുതുമ നല്‍കിയ കലാവിരുന്നുകളായിരുന്നു. കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവരായിരുന്നു. കലയ്‌ക്ക്‌ ഭാഷ ദേശാന്തരങ്ങള്‍ ഇല്ലാ എന്ന്‌ തെളിയിക്കുന്ന പരിപാടികളാണ്‌ സൂര്യ ഫെസ്റ്റിവലില്‍ അരങ്ങേറിയത്‌.കോരിച്ചൊരിയുന്ന മഴയും തിരഞ്ഞെടുപ്പ്‌ ചൂടും ഒന്നും കലാസ്വാദനത്തിന്‌ തടസ്സമല്ലായെന്നു തെളിയിക്കുന്ന ജന പ്രവാഹമാണ്‌ ഓരോ ദിവസങ്ങളിലും ഫെസ്റ്റിവല്‍ നഗരിയിലേക്ക്‌ ഒഴികിയെത്തിയത്‌.ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്‌തത്‌ സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ ഗോപിയാണ്‌. ഉദ്‌ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്‌ ഇടുക്കി എം.പി. പി.ടി. തോമസായിരുന്നു . സമാപന സമ്മേളനം ഹൈക്കോടതി ജഡ്‌ജി സി.കെ അബ്‌ദുള്‍ റഹീം ഉദ്‌ഘാടനം ചെയ്‌തു. തൊടുപുഴ എം.എല്‍.എ പി ജെ ജോസഫ്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ദിവസങ്ങളില്‍ അതിഥികളായി മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാട്‌, കെ.എസ്‌. പ്രസാദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.വിവിധ തരം പെയിന്റിംഗുകളുടേയും ഫോട്ടോകളുടേയും പ്രദര്‍ശനങ്ങളും ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ച്‌ ഒരുക്കിയിരുന്നു.പ്രശസ്ഥ നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ്‌ (ചെന്നൈ), രാഗമാലാ ഡാന്‍സ്‌ കമ്പനി (അമേരിക്ക), ലയശക്തിഫ്യൂഷന്‍ ഗ്രൂപ്പ്‌ (ഡല്‍ഹി) അഞ്ചനാ ജാ (മധ്യപ്രദേശ്‌) സിനിമാതാരം ലക്ഷ്‌മി ഗോപാലസ്വാമി(ബാംഗ്ലൂര്‍) ചലച്ചിത്ര പിന്നണി ഗായിഗ മഞ്‌ജരി (തിരുവനന്തപുരം) എന്നിവരാണ്‌ ഓരോ ദിവസവും പരിപാടികള്‍ അവതരിപ്പിച്ചത്‌
സൂര്യ ഫെസ്റ്റിവല്‍ വരും വര്‍ഷങ്ങളിലും വിപുലമായി സംഘടിപ്പിന്നതിനും അതിനൊപ്പം നാടക ഫെസ്റ്റിവലും ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലും ഇക്കൊല്ലം മുതല്‍ ആരംഭിക്കുന്നതിന്‌ ഫ്യൂജിഗംഗ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്‌. ഇതിനെല്ലാം പുറമെ കുട്ടികള്‍ക്കായുളള മാജിക്‌ ക്ലബ്ബും, ഒരു പര്‍ച്ചേയ്‌സ്‌ ഡിസ്‌കൗണ്ട്‌ സ്‌കീമും ഫ്യൂജിഗംഗയ്‌ക്കുണ്ട്‌. ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പണമില്ലാത്ത കുട്ടികളെ സഹായിക്കുവാനും ഫ്യൂജിഗംഗ തയ്യാറായിട്ടുണ്ട്‌.

Comments

Post a Comment