കാലവര്‍ഷം ഇടുക്കി ജില്ലയില്‍ ജനങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍



കാലവര്‍ഷം ഇടുക്കി ജില്ലയില്‍ ജനങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍
ഭൂമി ഇടിഞ്ഞ് താഴ്‌ന്നത് പരിഭ്രാന്തിക്ക് ഇടയാക്കി
നിര്‍മ്മാണത്തിലിരുന്ന വീടിന്റെ മുറ്റത്ത് ഭൂമി ഇടിഞ്ഞ് താഴ്‌ന്നത് പരിഭ്രാന്തിക്ക് ഇടയാക്കി. കുളമാവ് പല്ലാങ്കല്‍ വര്‍ഗ്ഗിസിന്റെ വീട്ടുമുറ്റത്താണ് പത്തടിയോളം താഴ്‌ചയില്‍ കിണറിന്റെ രൂപത്തില്‍ ഗര്‍ത്തം രൂപപ്പെട്ടത്. ബുധനാഴ്‌ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. വലിയ ശബ്‌ദത്തോടുകൂടി ഭൂമി ഇടിഞ്ഞ് താഴുകയായിരുന്നു. ഇതോടൊപ്പം വീടിന്റെ പുറക് വശത്തുള്ള മണ്‍ തിട്ട ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീണനിലയിലാണ്. വര്‍ഗ്ഗീസിന് ഇഎംഎസ് ഭവനപദ്ധതി പ്രകാരം അനുവദിച്ച വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സംഭവം. വലിയ മണ്‍തിട്ട ഇടിച്ച് നിരത്തിയാണ് വീടിന്റെ നിര്‍മ്മാണം ആരംഭിച്ചത്. വീടിന്റെ തറയോട് ചേര്‍ന്നാണ് ഭൂമി താഴ്‌ന്നിരിക്കുന്നത്. വീടിന്റെ നിര്‍മ്മാണത്തിനായി കൂട്ടിയിട്ടിരുന്ന ഒരു ലോഡ് കരിങ്കല്ലും ഗര്‍ത്തത്തില്‍പ്പെട്ട നിലയിലാണ്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴമൂലം ഗര്‍ത്തത്തിന്റെ താഴ്‌ച കൂടികൊണ്ടിരിക്കുകയാണ്. വര്‍ഗ്ഗീസിന്റെ വീടിന് താഴ് ഭാഗത്തായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. പഞ്ചായത്ത്, റവന്യൂ, പോലീസ് അധികൃതര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
കലയന്താനിയില്‍ ഉരുള്‍പൊട്ടല്‍; റബ്ബര്‍ തോട്ടം ഒലിച്ചുപോയി
തൊടുപുഴയ്‌ക്കടുത്ത് കലയന്താനിയില്‍ കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ വെളുപ്പിന് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ടേക്കറോളം റബ്ബര്‍ തോട്ടം പൂര്‍ണ്ണമായും നശിച്ചു. വെള്ളം ഒഴുകിയതിനെ തുടര്‍ന്ന് മണ്ണിടിഞ്ഞ് റബ്ബര്‍ മരങ്ങള്‍ കടപുഴകിയുമാണ് നാശനഷ്‌ടം ഉണ്ടായത്. വര്‍ഗീസ് മുണ്ടമറ്റത്തിന്റെ പുരയിടമാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് പോയത്. മൃഗങ്ങള്‍ക്കോ ആളുകള്‍ക്കോ അപകടങ്ങള്‍ ഉണ്ടായിട്ടില്ല. ഏകദേശം ഒരു കോടിയോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. കാലവര്‍ഷം കനത്തതോടെ ജില്ലയിലെമ്പാടും ഉരുള്‍ പൊട്ടലിന്റേയും മണ്ണിടിച്ചിലിന്റേയും ഭീതി നിലനില്‍ക്കുകയാണ്. ചെറുതും വലുതുമായ തോടുകളും പുഴയും കവിഞ്ഞ് ഒഴുകാറായി.
കാലം തെറ്റാതെ എത്തിയ കാലവര്‍ഷത്തില്‍ ഇടമുറിയാതെ പെയ്യുന്ന കനത്ത മഴ മലയോര ജില്ലയായ ഇടുക്കി ജില്ലയിലെ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് ജില്ലയിലെ ജനങ്ങള്‍. ഉരുള്‍ പൊട്ടലുകളും മറ്റ് പ്രകൃതിക്ഷോഭങ്ങള്‍ മൂലവും നൂറകണക്കിന് ജനങ്ങളുടെ ജീവനുകളാണ് ഓരോ വര്‍ഷവും കാലവര്‍ഷത്തില്‍ ജില്ലയില്‍ അപഹരിക്കപ്പെടുന്നത്.ഇപ്പോള്‍ ജില്ലയിലെ ജനങ്ങളുടെ മനസ്സില്‍ തീകോരിയിട്ടുകൊണ്ട് മുല്ലപ്പെരിയാര്‍ ഡാമും ഭീഷണിയായിട്ടുണ്ട്. കാലവര്‍ഷം കനത്തതോടെ ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെയാണ് മുല്ലപ്പെരിയാര്‍ ഡാം. ഡാമിന് താഴ്‌വാര പ്രദേശങ്ങളായ വണ്ടിപ്പെരിയാര്‍ ചക്കുപള്ളം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് കാലവര്‍ഷമെത്തിയാല്‍ ഉറക്കമില്ലാത്ത രാവുകളാണ്.ഡാമിന്റെ ബലകുറവിനെകുറിച്ചും സുരക്ഷയെക്കുറിച്ചും വര്‍ഷങ്ങളായി തര്‍ക്കങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ഭീതി അകറ്റാന്‍ പാകത്തിന് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. തമിഴ്‌നാടിന്റെ വാശിയും കേരളത്തിന്റെ അലസതയും കേന്ദ്രസര്‍ക്കാരിന്റെ പക്ഷപാതവും ഒത്തുചേരുമ്പോള്‍ ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ ഏത് നിമിഷവും അപകടത്തിലാക്കുന്ന അവസ്ഥയാണ് ഉള്ളത്. ഡാമുകളുടേയും ജലവൈദ്യുത പദ്ധതികളുടേയും നാടായ ഇടുക്കി ജില്ല ഉരുള്‍ പൊട്ടലിന്റെയും നാടായിട്ടാണ് അറിയപ്പെടുന്നത്. നൂറ് കണക്കിന് ജനങ്ങളുടെ ജീവനും ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയുമാണ് ഉരുള്‍ പൊട്ടലില്‍ ജില്ലയില്‍ നഷ്‌ടപ്പെട്ടിട്ടുള്ളത്. 1998 ലെ പഴമ്പള്ളിച്ചാല്‍ ഉരുള്‍ പൊട്ടലാണ് സമീപകാലത്ത് ജില്ലയില്‍ കൂടുതല്‍ ദുരന്തം ഉണ്ടാക്കിയത്. അടിമാലിക്കടുത്ത് പഴമ്പള്ളിച്ചാല്‍ എന്ന മലയോര പ്രദേശം ഇല്ലായ്‌മപ്പെടുത്തി കളഞ്ഞ ദുരന്തത്തില്‍ ഇരുപതോളം പേരുടെ ജീവന്‍ നഷ്‌ടപ്പെടുകയും ഏക്കര്‍ കണക്കിന് സ്ഥലം ഇല്ലായ്‌മപ്പെടുകയും ചെയ്‌തു.തൊടുപുഴയ്‌ക്കടുത്ത് വെണ്ണിയാനിയില്‍ 2004-ല്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ വിക്‌ടര്‍ ജോര്‍ജ്ജ് അടക്കം നാല് പേരുടെ ജീവനുകളാണ് നഷ്‌ടപ്പെട്ടത്.കഴിഞ്ഞവര്‍ഷം തൊടുപുഴ പൂച്ചപ്രയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 3 പേരുടെ ജീവന്‍ നഷ്‌ടപ്പെട്ടു. ഹൈറേഞ്ച് മേഖലയിലെ മലയോര പ്രദേശങ്ങളില്‍ ഓരോ കാലവര്‍ഷത്തിലും ചെറിയ ഉരുള്‍പൊട്ടലുകളും ഉണ്ടാകാറുണ്ട്.ജില്ലയിലെ ഭൂപ്രകൃതിയുടെ പ്രത്യേകതകൊണ്ട് മഴക്കാലത്ത് മണ്ണിടിച്ചില്‍ നിത്യസംഭവമാണ്. ഇതുമൂലം ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം ഗതാഗത തടസ്സവും ഉണ്ടാകാറുണ്ട്.ഉരുള്‍പൊട്ടലിനെകുറിച്ച് ശാസ്‌ത്രീയ പഠനങ്ങള്‍ നിരവധി നടന്നിട്ടുണ്ടെങ്കിലും ഇതുവരെ പ്രകൃതിയുടെ ഈ പ്രതിഭാസം മുന്‍കൂട്ടി അറിയാനോ തടയാനോ ശാസ്‌ത്ര ലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല.


Comments
Post a Comment