എന്‍ഡോസള്‍ഫാനെതിരെ പ്രതിഷേധമിരമ്പി

സംസ്ഥാനമെങ്ങും മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാനെതിരായ പ്രതിഷേധം ഇരമ്പി. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ തിരുവനന്തപുരത്ത്‌ ഉപവാസ സമരം നടത്തി. എന്‍ഡോസള്‍ഫാനെതിരെ ജില്ലാ ആസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച ഉപവാസ സമരങ്ങളില്‍ ആയിരക്കണക്കിന്‌ ആളുകള്‍ പങ്കെടുത്തു.

തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന്‌ സമീപത്താണ്‌ മുഖ്യമന്ത്രി ഉപവാസ സമരം നടത്തിയത്‌. രാവിലെ പത്തുമുതല്‍ വൈകീട്ട്‌ അഞ്ചുവരെ ആയിരുന്നു ഉപവാസം. കവയത്രി സുഗതകുമാരി നാരങ്ങാനീര്‌ നല്‍കിയാണ്‌ ഉപവാസം അവസാനിപ്പിച്ചത്‌. മന്ത്രിമാര്‍, എം.പി.മാര്‍, എം.എല്‍.എ.മാര്‍ എന്നിവര്‍ക്ക്‌ പുറമെ ബി.ജെ.പി. നേതാവ്‌ ഒ.രാജഗോപാല്‍, സുഗതകുമാരി, കത്തോലിക്കാ ബാവ ബസേലിയോസ്‌ മാര്‍ ക്ലിമ്മിസ്‌, ശില്‍പി കാനായി കുഞ്ഞിരാമന്‍ , നടന്‍ സുരേഷ്‌ഗോപി എന്നിവരും ഉപവാസത്തില്‍ പങ്കെടുത്തു.

കാസര്‍ക്കോട്ട്‌ എന്‍ഡോസള്‍ഫാന്റെ ദുരിതം അനുഭവിക്കുന്ന ഷാഹിനയ്‌ക്ക്‌ ഉദ്‌ഘാടനച്ചടങ്ങില്‍ എത്താനായില്ല. കേന്ദ്രത്തിനെതിരെ ഉപവാസം പ്രഖ്യാപിച്ച മുഖ്യമന്ത്രി വിഷയം രാഷ്ട്രീയവത്‌കരിച്ചുവെന്നാരോപിച്ച്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഉപവാസത്തില്‍ പങ്കെടുത്തില്ല.

എല്ലാവരും മരിച്ചുകഴിഞ്ഞാല്‍ മാത്രമേ പ്രശ്‌നത്തിന്‌ പരിഹാരം കാണുകയുള്ളൂവെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌ ഖേദകരമാണെന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ജനങ്ങളെ ഇത്രമേല്‍ ദോഷകരമായി ബാധിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‌ നിരോധനം ഏര്‍പ്പെടുത്താത്തത്‌ ചില ഘടകകക്ഷി നേതാക്കളുടെ പിടിവാശിക്ക്‌ വഴങ്ങിയാണ്‌. കേരളത്തിലെ യു.ഡി.എഫ്‌ പോലും പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റിവച്ച്‌ എല്ലാവരെയും ബാധിക്കുന്ന പ്രശ്‌നമായി കണ്ട്‌ പരിഹാരംമാര്‍ഗം കണ്ടെത്തണം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജില്ലാ ആസ്ഥാനങ്ങളില്‍ നടന്ന ഉപവാസ സമരങ്ങള്‍ക്ക്‌ മന്ത്രിമാരാണ്‌ നേതൃത്വം നല്‍കിയത്‌്‌. കാസര്‍ക്കോട്ട്‌ മന്ത്രി പി.കെ.ശ്രീമതി ഉപവാസം ഉദ്‌ഘാടനം ചെയ്‌തു. പി. കരുണാകരന്‍ എം.പി. അധ്യക്ഷത വഹിച്ചു. കണ്ണൂരിലെ ഉപവാസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ വി.മുരളീധരന്‍ സംബന്ധിച്ചു. തൃശൂരില്‍ ഡോ.സുകുമാര്‍ അഴീക്കോട്‌ ഉപവാസം ഉദ്‌ഘാടനം ചെയ്‌തു. വയനാട്ടില്‍ നടന്ന പ്രതിഷേധ ചടങ്ങ്‌ എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍ .എ ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ മുസ്ലീംലീഗ്‌ നേതാവ്‌ ഡോ. എം.കെ.മുനീര്‍ ഉദ്‌ഘാടനം ചെയ്‌തു.






നിരോധിത രാസപദാര്‍ത്ഥങ്ങളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടുത്താന്‍ നടക്കുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ മേഖലയായ ഏഷ്യാ പസിഫിക്ക്‌ റീജിയന്റെ സമ്മേളനത്തില്‍ നിരോധനത്തെ എതിര്‍ക്കുന്ന പ്രസ്‌താവന ഇന്ത്യ അവതരിപ്പിച്ചു. മൊത്തം ഏഷ്യപസിഫിക്ക്‌ മേഖലയുടെ അഭിപ്രായമെന്നത്‌ പോലെ നിരോധനത്തെ എതിര്‍ക്കുന്ന പ്രസ്‌താവനയാണിത്‌.

'തിരഞ്ഞെടുത്ത' തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലല്ല, വളരെ ശാസ്‌ത്രീയമായ ഏജന്‍സി നടത്തുന്നത്‌ പോലെ കര്‍ശനമായി തെളിവുകള്‍ പരിശോധിച്ച ശേഷമേ നിരോധന ശുപാര്‍ശകള്‍ നടത്താന്‍ പാടുള്ളു എന്ന്‌ പ്രസ്‌താവന പറയുന്നു. പോരെങ്കില്‍ സ്‌റ്റോക്ക്‌ഹോം കണ്‍വെന്‍ഷനിലെ എല്ലാ തീരുമാനങ്ങളും കണ്‍വെന്‍ഷന്‍ രേഖകളനുസരിച്ചുള്ള ചട്ടങ്ങളും നടപടി ക്രമങ്ങളും അനുസരിച്ച്‌ മാത്രമേ പാടുള്ളുവെന്ന ഉറച്ച നിലപാടാണ്‌ ഏഷ്യാ പസിഫിക്ക്‌ റീജിയനുള്ളതെന്നും പ്രസ്‌താവനയിലുണ്ട്‌.

ഇങ്ങനെ പല നയതന്ത്ര, നിയമഭാഷാ സര്‍ക്കസ്സുകള്‍ക്ക്‌ ശേഷം ആറാം ഖണ്ഡിക നേരെ കാര്യത്തിലേക്ക്‌ കടക്കുന്നു: നിരോധനത്തെപ്പറ്റി കണ്‍വെന്‍ഷനില്‍ നടത്തിയ ചര്‍ച്ചകളെല്ലാം മേല്‍പടി ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമാണ്‌. ഇതിന്റെ കാരണങ്ങളും രേഖ ചൂണ്ടിക്കാട്ടുന്നു: എന്‍ഡോസള്‍ഫാന്‍ ഗണ്യമായ ആരോഗ്യ, പാരിസ്ഥിതിക പ്രശ്‌നങ്ങളെന്തെങ്കിലും സൃഷ്ടിക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല. അനുബന്ധം എഫ്‌.ല്‍ നിരോധിച്ചാലുണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പോംവഴി ഒന്നും നിര്‍ദേശിച്ചിട്ടില്ല. പോരെങ്കില്‍ നിര്‍ദിഷ്ട ബദല്‍ മാര്‍ഗങ്ങളെ കുറിച്ച്‌ വിപുലമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല.

സി.ഓ.പി4 ഇതിനകം തന്നെ ഒമ്പത്‌ രാസപദാര്‍ത്ഥങ്ങള്‍ നിരോധനപ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്‌. ഈ രംഗത്ത്‌ നഷ്ടങ്ങള്‍ സഹിക്കേണ്ടവര്‍ക്ക്‌ ഉതകുന്ന സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിനെ പറ്റി തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല, ഈ സാഹചര്യത്തില്‍ പുതിയൊരു പദാര്‍ത്ഥവും കൂടി പട്ടികയില്‍ പെടുത്തരുത്‌. എന്‍ഡോസള്‍ഫാന്‍ യാതൊരു കാരണവശാലും നിരോധിക്കരുതെന്ന്‌ പസിഫിക്ക്‌ മേഖല പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു

Comments