തൊടുപുഴയുടെ അഞ്ച്‌ ദിനരാത്രങ്ങളെ ആഘോഷ തിമിര്‍പ്പിലാക്കിയ സൂര്യ ഫെസ്റ്റിവല്‍





തൊടുപുഴയുടെ അഞ്ച്‌ ദിനരാത്രങ്ങളെ ആഘോഷ തിമിര്‍പ്പിലാക്കിയ
സൂര്യ ഫെസ്റ്റിവല്‍

തൊടുപുഴ: തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്‌ട്ര സന്നദ്ധ സൗഹൃദ സംഘടനയായ ഫ്യൂജിഗംഗയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൂര്യ ഫെസ്റ്റിവല്‍ തൊടുപുഴയ്‌ക്ക്‌ പുതിയൊരു ദൃശ്യാനുഭവമാണ്‌ സമ്മാനിച്ചത്‌. തൊടുപുഴയുടെ അഞ്ച്‌ ദിനരാത്രങ്ങള്‍ക്ക്‌ നാദ നൃത്തചുവടുകളാല്‍ വ്യത്യസ്‌തമായ ദൃശ്യാനുഭവമാണ്‌ സൂര്യ ഫെസ്റ്റിവല്‍ സമ്മാനിച്ചത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കലാകാരന്‍മാരും കലാകാരികളും പരിപാടികള്‍ അവതരിപ്പിച്ചു.
ശബ്‌ദത്തിന്റെയും വെളിച്ചത്തിന്റെയും സമന്വയത്തിലൂടെ ലോകമെമ്പാടും കലയുടെ മാസ്‌മരിക ദൃശ്യശ്രാവ്യതരംഗങ്ങള്‍ സൃഷ്‌ടിച്ച സൂര്യ കൃഷ്‌ണമൂര്‍ത്തി നയിക്കുന്ന സൂര്യ ഫെസ്റ്റിവല്‍ ഇദംപ്രഥമമായാണ്‌ മലനാടായ ഇടുക്കിയിലെത്തുന്നത്‌.
ഇന്ന്‌ ലോകമെമ്പാടുമുള്ള കലാകാരന്മാരുടെ സ്വപ്‌ന വേദിയായി തിരുവനന്തപുരം സൂര്യ മാറിയിരിക്കുന്നു. മുമ്പ്‌ തിരുവനന്തപുരത്ത്‌ മാത്രമായി നടന്നിരുന്ന സൂര്യ ഫെസ്റ്റിവല്‍ എല്ലാവര്‍ഷവും കേരളത്തില്‍ പ്രധാന പട്ടണങ്ങളില്‍ എല്ലാം നടക്കാറുണ്ടെങ്കിലും ഇടുക്കി ജില്ലയ്‌ക്ക്‌ ഈ സൗഭാഗ്യം ഇതേവരെ ദൃശ്യമായിരുന്നില്ല. ഈ മനോഹരമായ കലാവിരുന്ന്‌ തൊടുപുഴയില്‍ എത്തിക്കാന്‍ കഴിഞ്ഞതിലും വന്‍ വിജയമാക്കാന്‍ കഴിഞ്ഞതിലുമുള്ള ചാരിതാര്‍ത്ഥ്യത്തിലാണ്‌ ഫ്യൂജിഗംഗക്കാര്‍.
മലയാളികള്‍ക്ക്‌ അന്യമായ കഥക്‌ നൃത്തവും ഉത്തരേന്ത്യന്‍ സംഗീത ഉപകരണങ്ങളായ പങ്കജും സാരംഗിയും തബലയും മൃദംഗവുമായി സമന്വയിപ്പിച്ച്‌ അവതരിപ്പിച്ച മ്യൂസിക്‌ ഫ്യൂഷനും ഹിന്ദുസ്ഥാനിയും ഗസലും അവയ്‌ക്കൊപ്പെം നമുക്ക്‌ ചിരപരിചിതമായ ഭരതനാട്യവും എല്ലാം കാണികള്‍ക്ക്‌ പുതുമ നല്‍കിയ കലാവിരുന്നുകളായിരുന്നു. കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവരായിരുന്നു. കലയ്‌ക്ക്‌ ഭാഷ ദേശാന്തരങ്ങള്‍ ഇല്ലാ എന്ന്‌ തെളിയിക്കുന്ന പരിപാടികളാണ്‌ സൂര്യ ഫെസ്റ്റിവലില്‍ അരങ്ങേറിയത്‌.
കോരിച്ചൊരിയുന്ന മഴയും തിരഞ്ഞെടുപ്പ്‌ ചൂടും ഒന്നും കലാസ്വാദനത്തിന്‌ തടസ്സമല്ലായെന്നു തെളിയിക്കുന്നജന പ്രവാഹമാണ്‌ ഓരോ ദിവസങ്ങളിലും ഫെസ്റ്റിവല്‍ നഗരിയിലേക്ക്‌ ഒഴികിയെത്തിയത്‌.
ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്‌തത്‌ സൂപ്പസ്റ്റാര്‍ സുരേഷ്‌ ഗോപിയാണ്‌. ഉദ്‌ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്‌ ഇടുക്കി എം.പി. പി.ടി. തോമസായിരുന്നു . സമാപന സമ്മേളനം ഹൈക്കോടതി ജഡ്‌ജി സി.കെ അബ്‌ദുള്‍ റഹീം ഉദ്‌ഘാടനം ചെയ്‌തു. തൊടുപുഴ എം.എല്‍.എ പി ജെ ജോസഫ്‌ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ ദിവസങ്ങളില്‍ അതിഥികളായി മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാട്‌, കെ.എസ്‌. പ്രസാദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ തരം പെയിന്റിംഗുകളുടേയും ഫോട്ടോകളുടേയും പ്രദര്‍ശനങ്ങളും ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ച്‌ ഒരുക്കിയിരുന്നു.
പ്രശസ്ഥ നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ്‌ (ചെന്നൈ), രാഗമാലാ ഡാന്‍സ്‌ കമ്പനി (അമേരിക്ക), ലയശക്തിഫ്യൂഷന്‍ ഗ്രൂപ്പ്‌ (ഡല്‍ഹി) അഞ്ചനാ ജാ (മധ്യപ്രദേശ്‌) സിനിമാതാരം ലക്ഷ്‌മി ഗോപാലസ്വാമി(ബാംഗ്ലൂര്‍) മഞ്‌ജരി (തിരുവനന്തപുരം) എന്നിവരാണ്‌ ഓരോ ദിവസവും പരിപാടികള്‍ അവതരിപ്പിച്ചത്‌.
ഫ്യൂജിഗംഗ പ്രസിഡന്റ്‌ എം.ഡി ദിലീപ്‌, സെക്രട്ടറി ശരത്‌ യു.നായര്‍, വൈസ്‌ പ്രസിഡന്റ്‌, സി.കെ സുനില്‍രാജ്‌ ട്രഷറര്‍ സി.ബി ഹരികൃഷ്‌ണന്‍ , ജോ.സെക്രട്ടറി വി.എസ്‌.എം നസീര്‍, മുന്‍ പ്രസിഡന്റ്‌ ഡൊമനിക്‌ സാവിയോ ജോസഫ്‌, എക്‌സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങളായ എന്‍.പി. രമേശ്‌കുമാര്‍, അനൂപ്‌ ധന്വന്തരി, എയ്‌ഞ്ചല്‍ എം. ബേബി, കെ.എം ജോസഫ്‌ ബിനോയി , സി.ബി. ജയകൃഷ്‌ണന്‍, കെ.എ. സുദര്‍ശനന്‍, പി. എ. സലിം കുട്ടി , പി.എന്‍. രഘുനാഥന്‍, കെ.ആര്‍. ശ്രീരമണന്‍, ഷൈജു. എം.എസ്‌, മോഹനന്‍, തുടങ്ങിയര്‍ ഫെസ്റ്റിവല്‍ നടത്തിപ്പിന്‌ മേല്‍നോട്ടം വഹിച്ചു.



കലോത്സവങ്ങള്‍ സൗഹൃദം വളര്‍ത്താന്‍ ഉപകരിക്കും : സുരേഷ്‌ ഗോപി ഉദ്‌ഘാടനം
തൊടുപുഴ: കലോത്സവങ്ങള്‍ മനുഷ്യമനസ്സുകളില്‍ സൗഹൃദം വളര്‍ത്താന്‍ ഉപകരിക്കുമെന്ന്‌ സിനിമാതാരം സുരേഷ്‌ഗോപി. ഫ്യൂജിഗംഗയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ സംഘടിപ്പിച്ച സൂര്യഫെസ്റ്റിവെല്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജീവിത രീതികള്‍ അതിവേഗം മാറുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ഉത്സവങ്ങളുടെ ആന്തരിക സത്ത നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. കലയില്‍ നിന്നും മനുഷ്യന്‌ ദൂരെ പോകുവാനാകില്ല. മനസ്സിന്റെ സന്തുലിതാവസ്ഥയ്‌ക്ക്‌ കലയും സംഗീതവും ഏറ്റവും നല്ല ഔഷധമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. ചടങ്ങില്‍ പി. ടി. തോമസ്‌ എം. പി. അധ്യക്ഷത വഹിച്ചു. ഫ്യൂജിഗംഗ പ്രസിഡന്റ്‌ എം. ഡി. ദിലീപ്‌, സെക്രട്ടറി ശരത്‌ യു. നായര്‍, ഇടുക്കി പ്രസ്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ അരീക്കര, ഫ്യൂജിഗംഗ വൈസ്‌ പ്രസിഡന്റ്‌ സി. കെ. സുനില്‍രാജ്‌, ജോയിന്റ്‌ സെക്രട്ടറി വി. എസ്‌. എം. നസീര്‍, ട്രഷറര്‍ സി. ബി. ഹരികൃഷ്‌ണന്‍, കെ.എസ്‌. പ്രകാശ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.


സന്ദര്‍ശകര്‍ക്ക്‌ ദൃശ്യവിരുന്നൊരുക്കിയ സൂര്യ ഫെസ്റ്റിവലിലെ പ്രദര്‍ശനങ്ങള്‍
തൊടുപുഴ : ഫ്യൂജിഗംഗയുടെ ആഭിമുഖ്യത്തില്‍ കൃഷ്‌ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച്‌ ഒരുക്കിയ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശകര്‍ക്ക്‌ ദൃശ്യവിരുന്നൊരുക്കി . മ്യൂറല്‍ പെയിന്റിംഗുകള്‍, ഗ്ലാസ്‌ പെയിന്റിംഗുകള്‍, ഗ്ലാസ്‌ റിവേഴ്‌സ്‌ പെയിന്റിംഗുകള്‍, പെന്‍സില്‍ ഡ്രോയിംഗ്‌ ചിത്രങ്ങള്‍ തുടങ്ങി വിവിധ കലാകാരന്മാരുടെ ഭാവനയില്‍ വിരിഞ്ഞ ഒരുപിടി സൃഷ്‌ടികളാണ്‌ പ്രദര്‍ശനനഗരിയില്‍ വിസ്‌മയമായിരിക്കുന്നത്‌. ഫെസ്റ്റിവല്‍ കാണുവാന്‍ നിരവധി ആളുകള്‍ അഞ്ചുദിവസങ്ങളിലായി എത്തിയിരുന്നു. പ്രദര്‍ശനശാലയിലേക്കുള്ള പ്രവേശനം സൗജന്യമായിന്നു
പ്രശസ്‌ത മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടിന്റെ മാന്ത്രികഭാരതയാത്രയോടൊപ്പവും മറ്റുമായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച അനുഭവത്തിലൂടെ പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ ഒറ്റപ്പാലം സ്വദേശി ജ്യോതി തേക്കിന്‍കാട്ടില്‍ പകര്‍ത്തിയെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്‌. ഇന്ത്യയുടെ ഹൃദയത്തിലൂടെയുള്ള ഒരു യാത്രയുടെ അനിതരവും അവര്‍ണ്ണനീയവുമായ അനുഭവതലത്തിലൂടെ കാഴ്‌ചക്കാരെ കൈപിടിച്ചുകൊണ്ടുപോകുന്ന അത്യപൂര്‍വ്വമായ ഫോട്ടോകളാണ്‌ ജ്യോതി ഒരുക്കിയിരുന്നത്‌. അതിസാഹസികവും അപൂര്‍വ്വവുമായ പല ജീവിതമുഹൂര്‍ത്തങ്ങള്‍ ക്യാമറയിലൂടെ ഒപ്പിയെടുക്കുവാന്‍ ജ്യോതിയുടെ ഫോട്ടോകള്‍ക്ക്‌ സാധിച്ചിട്ടുണ്ട്‌.
ഇന്ന്‌ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത റിവേഴ്‌സ്‌ പെയിന്റിംഗ്‌ എന്ന വ്യത്യസ്‌ത ചിത്രരചന രീതിയിലൂടെഅത്യപൂര്‍വ്വ സൃഷ്‌ടികള്‍ പനമണ്ണ ഗണേശ്‌ എന്ന കലാകാരന്റെ കൈകളിലൂടെ ഗ്ലാസുകളില്‍ ചെയ്‌തിട്ടുള്ളതും ഈ പ്രദര്‍ശനത്തിലൂടെ കാണുവാന്‍ സാധിക്കും. കൂടാതെ തൊടുപുഴ സ്വദേശികളായ കെ.പി രാജേഷിന്റെ അനിതരസാധാരണമായ രചനാ വൈഭവം കാഴ്‌ചവയ്‌ക്കുന്ന മ്യൂറല്‍ പെയിന്റിംഗുകളും, ശില്‍പകലയിലൂടെ സമീപകാലത്ത്‌ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ വെങ്ങല്ലൂര്‍ സ്വദേശി മനോജ്‌ എന്‍.ആര്‍ വാട്ടര്‍ കളറിലും പെന്‍സില്‍ സ്‌കെച്ചിലും ചെയ്‌ത ചിത്രങ്ങളും പാലക്കാട്‌ സ്വദേശി ബിജു മുല്ലയ്‌ക്കലിന്റെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു


സൂര്യാ ഫെസ്റ്റിവെലില്‍ നവ്യമായ ദൃശ്യാനുഭവുമായി അമേരിക്കന്‍ ബാലെ
തൊടുപുഴ : സൂര്യാ ഫെസ്റ്റിവെലിന്റെ രണ്ടാം ദിനമായ ബുധനാഴ്‌ച കാഴ്‌ചക്കാര്‍ക്ക്‌ നവ്യമായ ദൃശ്യാനുഭവം സമ്മാനിച്ച്‌ അമേരിക്കന്‍ ബാലെ അരങ്ങേറി. അമേരിക്കയിലെ മിനാപൊളീസ്‌ എന്ന സ്ഥലത്തു നിന്നും എത്തിയ രാഗമാല ഡാന്‍സ്‌ കമ്പനിയാണ്‌ സ്‌ത്രീ എന്ന നൃത്തബാലെ അവതരിപ്പിച്ചത്‌. നാല്‌ അമേരിക്കന്‍ വംശജര്‍ ഉള്‍പ്പെടെ ഏഴുപേരാണ്‌ ബാലെ സംഘത്തിലുളളത്‌. പ്രസിദ്ധമായ കണ്ണകിയുടെ പ്രതികാരത്തിന്റെ കഥ വിവരിക്കുന്ന ചിലപ്പതികാരമാണ്‌ ബാലെ രൂപത്തില്‍ അവതരിപ്പിച്ചത്‌. പാലക്കാട്‌ ജനിച്ച്‌ കഴിഞ്ഞ്‌ മുപ്പതിലേറെ വര്‍ഷക്കാലമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരിയായ റാണി രാമസ്വാമിയാണ്‌ രാഗമാല ഡാന്‍സ്‌ കമ്പനിയുടെ ആര്‍ട്‌ ഡയറക്‌ടര്‍. റാണിയുടെ മക്കളായ അസിസ്റ്റന്റ്‌ ആര്‍ട്‌ ഡയറക്‌ടര്‍ അപര്‍ണ്ണ, അശ്വനി എന്നിവരാണ്‌ ബാലെ സംഘത്തിലെ മറ്റു മലയാളികള്‍. അമേരിക്കന്‍ വംശജരായ തമാര, ജെസികാ, അമാന്‍ഡ, ബ്രിയ എന്നിവരാണ്‌ സംഘത്തിലെ മറ്റംഗങ്ങള്‍. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുളള പരിപാടി തുടര്‍ച്ചയായി ഇടവേളയില്ലാതെയാണ്‌ അവതരിപ്പിച്ചത്‌.
അമേരിക്കയിലും യൂറോപിലും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലുമെല്ലാം രാഗമാല ഡാന്‍സ്‌ കമ്പനി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ്‌ പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി കേരളത്തിലെത്തുന്നത്‌. ഈ കാവ്യശില്‌പത്തിന്‌ സംഗീതം ഒരുക്കിയിരിക്കുന്നത്‌ ഡോ. എല്‍. സുബ്രഹ്മണ്യമാണ്‌. പാടിയിരിക്കുന്നത്‌ പ്രേമ രാമമൂര്‍ത്തിയും.


സദസ്സ്‌ ഏറ്റെടുത്ത മ്യൂസിക്‌ ഫ്യൂഷനും കഥക്‌ നൃത്തവും

തൊടുപുഴ: ഫ്യൂജിഗംഗയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന സൂര്യ ഫെസ്റ്റിവലിന്റെ മൂന്നാംദിവസമായ വ്യാഴാഴ്‌ച കൃഷ്‌ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ മ്യൂസിക്‌ ഫ്യൂഷനും കഥക്‌ നൃത്തവും നടന്നു. ആസ്വാദനത്തിന്റെ ഒരു പുതിയ അനുഭവമാണ്‌ മ്യൂസിക്‌ ഫ്യൂഷന്‍ കാണികള്‍ക്ക്‌ സമ്മാനിച്ചത്‌. ഫ്യൂഷന്‍ കലാകാരന്‍മാരുടെ താളത്തിനൊപ്പം ആരോഹണ അവരോഹണക്രമത്തില്‍ കേള്‍വിക്കാര്‍ കൈകൊട്ടാന്‍ തുടങ്ങിയതോടെ കലാകാരന്‍മാരും കേള്‍വിക്കാരും ഒരുപോലെ ആവേശതിമര്‍പ്പിലായി. ലയശക്തി ഫ്യൂഷന്‍ ഗ്രൂപ്പ്‌ അവതരിപ്പിച്ച മ്യൂസിക്‌ ഫ്യൂഷന്‍ തൊടുപുഴക്കാര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. തൊടുപുഴയ്‌ക്ക്‌ അന്യമായ നൃത്തസംഗീത പരിപാടികള്‍ ആസ്വദിക്കുവാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ്‌ കാണികള്‍ സദസ്‌ വിട്ടത്‌. ഡല്‍ഹിയില്‍ നിന്നുള്ള റഷീദ്‌ മുസ്‌തഫ നേതൃത്വം നല്‍കുന്ന ലയശക്തി ഫ്യൂഷന്‍ ഗ്രൂപ്പാണ്‌ മ്യൂസിക്‌ ഫ്യൂഷന്‍ അവതരിപ്പിച്ചത്‌. ഇന്ത്യന്‍ തബല വാദ്യരംഗത്തെ ഇതിഹാസമായിരുന്ന അഹമ്മദ്‌ ഖാന്‍ തിരിഖ്വയുടെ പേര മകനാണ്‌ റഷീദ്‌ മുസ്‌തഫ. ഏഴ്‌ വയസുമുതല്‍ പിതാവ്‌ മുഹമ്മദ്‌ ഖാനില്‍ നിന്നും തബലയിലെ ആദ്യതാളങ്ങള്‍ പഠിച്ചു തുടങ്ങി. 1984 ല്‍ ഭാരതീയ വിദ്യാഭവന്‍ ഏര്‍പ്പെടുത്തിയ ഉപഹാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌. പരമ്പാരഗത ഉത്തരേന്ത്യന്‍ താളവാദ്യങ്ങളെ ദക്ഷിണേന്ത്യന്‍ സംഗീതങ്ങളുമായി ലയിപ്പിക്കുവാനുള്ള ശ്രമമാണ്‌ റഷീദ്‌ മുസ്‌തഫ ഇപ്പോള്‍ നടത്തിവരുന്നത്‌. റഷീദ്‌ മുസ്‌തഫയ്‌ക്കൊപ്പം പുത്രന്‍ ഷാഹിദ്‌ മുസ്‌തഫയും മ്യൂസിക്‌ ഫ്യൂഷനില്‍ തബല വായിക്കുന്നുണ്ട്‌. പ്രേംകുമാര്‍ മൃദംഗവും, ഫത്‌സിംഗ്‌ ഗംഗണി പങ്കജും, അസന്‍ അലി സാരംഗിയും വായിച്ചു. റഷീദ്‌ മുസ്‌തഫ 25 വര്‍ഷത്തിനു ശേഷം ആദ്യമായാണ്‌ ഇപ്പോള്‍ കേരളത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ എത്തിയിരിക്കുന്നത്‌.
മധ്യപ്രദേശില്‍ നിന്നുള്ള യുവ നര്‍ത്തകി അഞ്‌ജന ഷായാണ്‌ കഥക്‌ നൃത്തം അവതരിപ്പിച്ചത്‌. ഭരതനാട്യവും മോഹിനിയാട്ടവും പോലെ കേരളത്തിലേറെ പ്രചാരമുള്ള നൃത്തരൂപമല്ലാത്ത കഥക്‌ തൊടുപുഴയിലെ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. അഞ്‌ജന ഷായുടെ വര്‍ഷങ്ങളോളമുള്ള പരിശീലന തപസ്യയില്‍ വിരിഞ്ഞ ഭാവങ്ങളും താളസമന്വയവും കൊണ്ട്‌ കഥക്‌ നൃത്തത്തെ കാണികള്‍ നെഞ്ചിലേറ്റി. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി കേരളത്തില്‍ കഥക്‌ നൃത്തം അവതരിപ്പിച്ചു വരുന്ന ആളാണ്‌ അഞ്‌ജന ഷാ. വളരെ ചെറുപ്പത്തില്‍ തന്നെ പ്രശസ്‌ത കഥക്‌ നര്‍ത്തകന്‍ രാജേന്ദ്രഗംഗണിയില്‍ നിന്ന്‌ കഥക്‌ നൃത്തത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ച അഞ്‌ജന, അക്കാദമിക്‌ തലത്തിലും കഥക്‌ നൃത്തത്തില്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുണ്ട്‌. ഇന്ദിര കലാസാഹിത്‌ വിശ്വവിദ്യാലയയില്‍ നിന്നും കഥക്‌ നൃത്തത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ അഞ്‌ജന ഇപ്പോള്‍ കഥക്‌ നൃത്തത്തില്‍ ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്‌. കഥക്‌ നൃത്തത്തിനൊപ്പം തന്നെ മറ്റ്‌ ഡാന്‍സ്‌ രൂപങ്ങളുമായി ചേര്‍ന്ന്‌ ജൂഗല്‍ബന്ദിയും അവതരിപ്പിച്ചു വരുന്നു. പ്രശസ്‌ത മോഹിനിയാട്ടം നര്‍ത്തകി മേതില്‍ ദേവിക, കുച്ചുപ്പുടി നര്‍ത്തകി ഉമാ മുരളീകൃഷ്‌ണ എന്നിവരുമായി ചേര്‍ന്ന്‌ ജൂഗല്‍ബന്ദി അവതരിപ്പിച്ചു വരുന്നു.


കല സമൂഹത്തിന്റെ വിഭാഗീയതകളെ മാറ്റിമറിക്കും; ജസ്റ്റിസ്‌ സി. കെ. അബ്‌ദുള്‍ റഹീം
തൊടുപുഴ: എല്ലാ വിഭാഗീയതകളും മാറ്റിവച്ചുകൊണ്ട്‌ പരസ്‌പരം സ്‌നേഹിക്കുവാനും ആസ്വദിക്കുവാന്‍ കഴിയുന്ന ഒന്നാണ്‌ കലയെന്ന്‌ കേരളാ ഹൈക്കോടതി ജഡ്‌ജി ജസ്റ്റീസ്‌ സി. കെ. അബ്‌ദുള്‍ റഹീം പറഞ്ഞു. ഫ്യൂജിഗംഗയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ നടന്നുവരുന്ന സൂര്യ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നല്ല മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊളളുന്ന ആളുകള്‍ക്ക്‌ മാത്രമേ കല ആസ്വദിക്കുവാന്‍ കഴിയൂ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇതര സഹജീവികളെ അംഗീകരിക്കാനും അറിയാനും കഴിയുന്നവര്‍ക്കു മാത്രമെ കലാ പ്രവര്‍ത്തകരാകാന്‍ കഴിയൂ. അതുകൊണ്ട്‌ തന്നെ ഫ്യൂജിഗംഗയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുന്‍മന്ത്രി പി. ജെ. ജോസഫ്‌ എം. എല്‍. എ. അധ്യക്ഷത വഹിച്ചു. പിരിമുറുക്കങ്ങള്‍ ഒഴിവാക്കാന്‍ കലാപരിപാടികള്‍ സഹായിക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സൂര്യ ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ച്‌ നടത്തിയ പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തവര്‍ക്കുളള ഉപഹാരങ്ങള്‍ ജസ്റ്റീസ്‌ സി. കെ. അബ്‌ദുള്‍ റഹീം വിതരണം ചെയ്‌തു. ഫോട്ടോ പ്രദര്‍ശനം നടത്തിയ ഒറ്റപ്പാലം സ്വദേശി ജ്യോതി തേക്കിന്‍കാട്ടില്‍, മ്യൂറല്‍ പെയിന്റിംഗ്‌കളുടെ പ്രദര്‍ശനം നടത്തിയ കെ. പി. രാജേഷ്‌, റിവേഴ്‌സ്‌ ഗ്ലാസ്‌ പെയിന്റിംഗുകളുടെ പ്രദര്‍ശനം നടത്തിയ പനമണ്ണ ഗണേഷ്‌, പെന്‍സില്‍ ഡ്രോയിംഗുകളുടെ പ്രദര്‍ശനം നടത്തിയ മനോജ്‌ എന്‍. ആര്‍., ഗാന്ധി യൂണിവേഴ്‌സിറ്റില്‍ എം. എസ്‌സി പരീക്ഷയില്‍ രണ്ടാം റാങ്ക്‌ നേടിയ ഫ്യൂജിഗംഗ ഓഫീസ്‌ സ്റ്റാഫ്‌ കൂടിയായ എബിന്‍ ജോണ്‍ എന്നിവര്‍ ജസ്റ്റിസില്‍ നിന്നും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. സുനില്‍രാജ്‌ സി. കെ. സ്വാഗതവും, സി. ബി. ഹരികൃഷ്‌ണന്‍ കൃതജ്ഞതയും പറഞ്ഞു. ഫ്യൂജിഗംഗ ഭാരവാഹികളായ എം. ഡി. ദിലീപ്‌, ശരത്‌ യു. നായര്‍, വി. എസ്‌. എം. നസീര്‍, ജയകൃഷ്‌ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments