സ്വര്‍ണ്ണ ജിഹാദ്
(കേസരി വാരികയുടെ ഒക്‌ടോബര്‍ 20 -ാം തിയതിയിലെ ലക്കത്തില്‍ വന്ന മുഖലേഖനം)
സമകാലീന ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്ത് എന്ത് എന്ന ചോദ്യത്തിന് ഇന്ന് ലോകത്ത് എവിടെയും ഒരു ഉത്തരം മാത്രമെ ലഭിക്കു. അത് ഭീകരവാദമാണ്. അതിന്റെ രീതികള്‍ക്കും രൂപത്തിനും പ്രതിയോഗികള്‍ക്കും പ്രാദേശികമായ വ്യതിയാനങ്ങള്‍ ഉണ്ടങ്കിലും അതിനു സമാനതകള്‍ നല്‍കുന്ന ഒരു പൊതു സ്വഭാവം ഉണ്ട് എന്നത് സത്യമാണ്. അതിന്റെ സാമുദായിക പിന്‍ബലമാണ് അതിന്റെ സമാനത. ആ സമുദായം ഒന്നടങ്കം ഭീകരവാദികളോ ദേശവിരുദ്ധരോ അല്ല. എന്നാല്‍ ലോകത്ത് ആകമാനം കാണപ്പെടുന്ന ഭീകരവാദ പ്രസ്ഥാനങ്ങളില്‍ ഭൂരിഭാഗവും വച്ചു പുലര്‍ത്തുന്നത് ഒരേ വിശ്വാസമാണ് എന്നത് സത്യവുമാണ്. അതുപോലെ തന്നെ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ക്കും സമാനതകള്‍ ഉണ്ട്. ആയുധം എടുത്തു മാത്രമല്ല ഇന്നു ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നത്. പത്ര ദൃശ്യമാധ്യമങ്ങള്‍ , സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍, വിദ്യഭ്യാസ മേഖലകള്‍, സാഹിത്യങ്ങള്‍, സിനിമ എന്നു വേണ്ട ഏതു മേഖലയിലും സ്വാധീനവും സാന്നിദ്ധ്യവും ഉറപ്പിക്കുവാന്‍ ഇത്തരക്കാര്‍ക്ക് ആയിട്ടുണ്ട്. ഭീകരവാദം മുമ്പ് ഇത്രയും വ്യാപകമായിരുന്നില്ലന്നു മാത്രമല്ല അതിനായി ആഗോളതലത്തില്‍ ഒരു ഫണ്ടിംഗ് സംവിധാനവും ഉണ്ടായിരുന്നില്ല. അന്നൊക്കെ ഭീകരവാദത്തിന്റെ പ്രധാന ഇരയായി മാറിയിരുന്നത് ഭാരതവുമായിരുന്നു. പിന്നീട് ഇസ്ലാമിക ഭീകരവാദം എന്നത് ഒരു ആഗോള വിഷയമായി മാറുകയും ലോക ശക്തികള്‍ എന്ന അവകാശപ്പെട്ടിരുന്ന സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനും അമേരിക്കയുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചെയ്യുന്നതരത്തിലേക്കും വരെ അത് വളര്‍ന്നു പടരുകയും ചെയ്‌തു. പെട്രോ ഡോളറിന്റെ പിന്‍ബലത്തില്‍ ഇന്ന് അത്തരം ഭീകരവാദ ശക്തികള്‍ക്ക് പല രൂപത്തിലും പല വേഷത്തിലും സഹായങ്ങള്‍ പ്രഹിക്കുവാനും തുടങ്ങിയിരിക്കുന്നു.
നമ്മുടെ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭീകരവാദികള്‍ക്ക് ബോംബു സ്‌പോടനങ്ങള്‍ സൃഷ്‌ടിക്കാനും കൊലപാതകങ്ങള്‍ നടത്താനും രാജ്യത്ത് അരാജകത്വം സൃഷ്‌ടിക്കാനും , സാംസ്‌കാരിക രംഗങ്ങളില്‍ കടന്നാക്രമണങ്ങള്‍ നടത്താനും അനവധി സാമ്പത്തിക സ്രോതസ്സുകള്‍ ഒഴികിയെത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ മനുഷ്യാവകാശ മുഖംമൂടി അണിഞ്ഞ ചില സംഘടനകളുടെ പേരില്‍ ലഭിക്കുന്ന വിദേശ ധന സഹായങ്ങള്‍ ആയിരുന്നു അതിന്റെ പ്രധാന സ്രോതസ്സ്. എന്നാല്‍ പിന്നീട് ഐ.എസ്.ഐ. പോലുള്ള സംഘടകള്‍ സ്‌പോണ്‍സര്‍മാരായി മാറിയതോടെ വിദേശ രാജ്യങ്ങളില്‍ അടിച്ചിറക്കുന്ന കള്ളനോട്ടുകളായിരുന്നു സ്രോതസ്സ്. ഇപ്പോള്‍ ഒരു പടി കൂടി കടന്ന് പ്രധാന സാമ്പത്തിക സ്രോതസ്സുകളായി സ്വര്‍ണ്ണക്കള്ളടത്തുകള്‍ മാറിയിരിക്കുന്നു. മുമ്പ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിച്ചിരുന്ന കള്ള നോട്ടുകളേക്കാള്‍ സുരക്ഷിതം സ്വര്‍ണ്ണമാണന്ന തിരിച്ചറിവാണ് സ്വര്‍ണ്ണത്തിലേക്ക് തിരിയാന്‍ ഇത്തരം ശക്തികളെ പ്രേരിപ്പിക്കുന്നത്. ഇത് ഒരു ആരോപണമോ ആക്ഷേപമോ അല്ല. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തില്‍ തീവ്രവാദ സംഘടനക്ക് വിദേശധനസഹായം ലഭിച്ചതായും അത് സ്വര്‍ണ്ണമായിട്ടാണ് എത്തിയതെന്നും കേസ്സന്വേഷിച്ച എന്‍.ഐ.എ. സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് എന്‍ഐഎ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി പെരുമ്പാവൂരിലും ആലുവായിലും ഉള്ള രണ്ട് ജ്വല്ലറികളില്‍ പോലീസ് റൈഡ് നടത്തുകയും ആ ജ്വല്ലറികള്‍ സീല്‍ വയ്‌ക്കുക വരെ ചെയ്‌തിരുന്നു. ഒളിവിലായ ആ ജ്വല്ലറി ഉടമയെ ഇതു വരെ കണ്ടെത്താനായിട്ടുമില്ല.
ഈയൊരു സാഹചര്യത്തിലും അനുഭവത്തിലും നിന്നു വേണം നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കേസ്സിനേയും അതിന്റെ അന്വേഷത്തേയും നോക്കിക്കാണുവാന്‍. നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫയാസ് അബ്ദുള്‍ ഖാദറും കാരിയര്‍മാരായി പ്രവര്‍ത്തിച്ച സ്‌ത്രീകളും അവരുടെ ഭര്‍ത്താക്കന്‍മാരും വെറും ഒരു കള്ളക്കടത്തുകാര്‍ മാത്രമല്ല. അവരുടെ തീവ്രവാദ സംഘടനാ ബന്ധങ്ങളും വിദേശ യാത്രകളും വിശദമായ പരിശോധനക്കു വിധേയമാക്കേണ്ടവയാണ്. ഫയാസിന്റെ ബന്ധങ്ങള്‍ അതിനെല്ലാം അപ്പുറം കടന്ന് നമ്മുടെ നാടിന്റെ സുരക്ഷയേയും നിലനില്‍പ്പിനേയും വരെ ചോദ്യം ചെയ്യുന്ന തീവ്രവാദ ബന്ധങ്ങളിലേക്കു വരെ ചെന്നെത്തുകയും ചെയ്‌തിരിക്കുന്നു. അത്തരം സാഹചര്യങ്ങളെക്കുറിച്ചുള്ള സൂചനകളെയെല്ലാം മറച്ചു വച്ചു കൊണ്ട് ഇതിനെ വെറും സ്വര്‍ണ്ണകള്ളക്കടത്തു കേസ്സായി ചിത്രീകരിച്ച് അന്വേഷണം ഫയാസിലും ഏതാനും കസ്റ്റംസുകാരിലും ഒതുക്കി കേസ്സ് അവസാനിപ്പിക്കുവാനും അതുവഴി ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ രാജ്യ വിരുദ്ധ റാക്കറ്റിനെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതേ നിലപാടു തന്നെയാണ് ഇതിന് മുമ്പ് നടന്ന സമാനമായ മറ്റ് പല കേസ്സുകളിലും മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികള്‍ അനുവര്‍ത്തിച്ചു പോന്നത്.
ഈ സംഭവത്തിലൂടെയും സമകാലീനമായ സമാന സംഭവവികാസങ്ങളിലൂടെയും വ്യക്തമാകുന്ന ചില സത്യങ്ങളും ഈ അവസരത്തില്‍ വിസ്‌മരിച്ചു കൂടാ. നമ്മുടെ നാട്ടിലെ വിമാന താവളങ്ങളും, തീരപ്രദേശങ്ങളും തുറുമുഖങ്ങളും എന്തിനേറെ പറയുന്നു ഭരണാധികാരികളുടെ ഓഫീസുകള്‍ വരെ നിയന്ത്രിക്കുവാനും വരുതിയിലാക്കുവാനും ഇത്തരം കറുത്ത ശക്തികള്‍ക്ക് സാധിക്കുന്നു എന്നത് ഏറെ അപമാനകരമായ സംഗതിയാണ്. കസ്റ്റംസ് നല്‍കുന്ന സൂചനകള്‍ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസ് വരെ സംശയത്തിന്റെ നിഴലില്‍ ആയിക്കഴിഞ്ഞിരിക്കുന്നു. ഇത്തരം ദേശവിരുദ്ധ ശക്തികളുടെ വേരോട്ടം എത്ര വലുതാണന്നതിന്റെ തെളിവുകളാണിവ. വെറും ഒരു കള്ളക്കടത്തുകാരന്‍ എന്നതിനപ്പുറം നമ്മുടെ സംവിധാനങ്ങളിലും ഭരണത്തിലും സ്വാധീന വലയങ്ങള്‍ ഉള്ള ഏതോ വലിയ ശൃംഖലയുടെ ചെറിയ കണ്ണി മാത്രമാണ് ഫയാസ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ കൊണ്ടുമാത്രം ആ ശൃംഖലയെ വലയിലാക്കുവാനോ തകര്‍ക്കുവാനോ സാധ്യമല്ല.
ഏതാനും വര്‍ഷങ്ങളായി നമ്മുടെ വിമാനതാവളങ്ങളും തുറുമുഖങ്ങളും പണത്തിന്റേയും അധികാരത്തിന്റേയും സ്വാധീനമുള്ള ഏതൊരാള്‍ക്കും യഥേഷ്‌ടം കടന്നു വരാവുന്ന സുരക്ഷിത വഴികളായി മാറിയിരിക്കുന്നു. ഇത്തരം സുരക്ഷിത വഴികളിലൂടെ കടന്നു വരുന്നവരാണ് നമ്മുടെ നാടിന്റെ സമാധാനവും സൌര്യജീവിതവും തകര്‍ത്തറിഞ്ഞ് നാട്ടില്‍ അരാജകത്വം സൃഷ്‌ടിക്കുന്നതെന്നും നാം വിസ്‌മരിച്ചു കൂടാ. മൂംബെയില്‍ സ്‌പോടനം നടത്തിയവര്‍ ഇത്തരത്തില്‍ സുരക്ഷിതമാര്‍ഗ്ഗങ്ങളിലൂടെ ഭാരതത്തിലേക്ക് പ്രവേശിച്ചവരാണ്. അതു മാത്രമല്ല കേരളത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം സുരക്ഷിതമായി തന്നെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നവരും നിരവധിയാണ്. ഇവര്‍ക്ക് ഇതിന് സാധിക്കുന്നതും ഇത്തരക്കാരുടെ അവിഹിത ബന്ധങ്ങളെയാണ് സൂചിപ്പിക്കുന്നത്. കൈവെട്ടു കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ഒളുവില്‍ കഴിയുന്നവരെ കണ്ടെത്താന്‍ സാധിക്കാത്തതും ഇതേകാരണം കൊണ്ടു തന്നെയാണ്. അത്തരം അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ പഠിക്കാത്തവര്‍ കേവലം ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി നമ്മുടെ വിമാന താവളങ്ങളും തുറുമുഖങ്ങളും മലര്‍ക്കെ തുറന്നു വച്ചിരിക്കുകയാണ്. നമ്മുടെ ബഹുമാന്യനായ മുന്‍ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുള്‍കലാം പറഞ്ഞിട്ടുണ്ട് നമ്മുടെ ഏറ്റവും വലിയ ഗുരുനാഥന്‍ എന്നു പറയുന്നത് നമ്മള്‍ അവസാനം വരുത്തിയ പിശകാണ് എന്ന്. അത്തരം പിശകുകള്‍ ആവര്‍ത്തിക്കപ്പെടുന്നതിലൂടെ വ്യക്തമാകുന്നത് അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇനിയും ആയിട്ടില്ലന്ന വസ്‌തുതയാണ്.
ഈ സ്വര്‍ണ്ണ കള്ളക്കടത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ ഇതിന്റെ കണ്ണികള്‍ ചെന്ന് എത്തി നില്‍ക്കുന്നത്. കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടേയും ഇടതു-വലതു രാഷ്‌ട്രീയ നേതാക്കളുടേയും മൂക്കിനു താഴെയാണ്. അതുകൊണ്ടു തന്നെ അന്വേഷണങ്ങള്‍ അട്ടി മറിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. ഫയാസിന്റെ ചരിത്രവും ഒപ്പം ബന്ധങ്ങളും നല്‍കുന്ന സൂചന സത്യമാകാമെങ്കില്‍ ഈ ഒരു ഇടപാടിന്റെ വ്യാപ്‌തി പ്രവചനാതീതമായിരിക്കും.
തീര്‍ച്ചയായും ഇത്തരം കള്ളക്കടത്തുകള്‍ക്കു പിന്നിലെ ലക്ഷ്യം കേവലം സാമ്പത്തിക നേട്ടങ്ങള്‍ മാത്രമല്ലന്നു വ്യക്തം. ഇതിന്റെ പിന്നില്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഐ.എസ്.ഐ. പോലുള്ള വിദേശ ശക്തികളും അവര്‍ പാലൂട്ടി വളര്‍ത്തുന്ന, അവരുടെ പിണിയാളുകളായി രാജ്യത്തിനകത്തു പ്രവര്‍ത്തിക്കുന്ന സംഘടനകളും ഉണ്ടാകും എന്ന് വ്യക്തം. അത്തരം ദേശവിരുദ്ധ ശക്തികളുടെ സാമ്പത്തിക സ്രോതസ്സുകളാണ് സ്വര്‍ണ്ണ കള്ളക്കടത്തിന്റെ രൂപത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം കള്ളക്കടത്തു സ്വര്‍ണ്ണം വ്യാപകമായി വാങ്ങി വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ ഉണ്ടങ്കില്‍ അവരെക്കുറിച്ചും അന്വേഷണം ആവശ്യമാണ്. കാരണം അവരും അറിഞ്ഞോ അറിയാതെയോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ്. കേരളത്തില്‍ നടന്നിട്ടുള്ള പല ഭീകര ആക്രമണങ്ങളിലും വിദേശത്തു നിന്നും സ്വര്‍ണ്ണത്തിന്റേയും കള്ള നോട്ടിന്റേയും രൂപത്തില്‍ സഹായം ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്‌തിട്ടുണ്ട്. മാറാട് കൂട്ടക്കെലയിലും കൈവെട്ടു കേസ്സിലും ഇത്തരത്തിലുള്ള വിദേശ സഹായം വന്‍തോതില്‍ ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. എന്നാല്‍ അതിന്റെ ഒന്നും ഉറവിടം കണ്ടെത്തുവാനോ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാനോ മാറി മാറി ഭരിച്ച ഇടതു വലതു ഭരണകൂടങ്ങള്‍ തയ്യാറായില്ലന്നു മാത്രമല്ല പരോക്ഷമായി അത്തരം ശക്തികളെ സഹായിക്കുന്ന നിലപാടുകളാണ് സ്വീകരിച്ചത്.
ഇപ്പോള്‍ ഫയാസിന്റെ സ്വര്‍ണ്ണക്കള്ളടത്തു കേസ്സ് വന്നപ്പോഴും അതേ നയം തന്നെയാണ് ഇരുമുന്നണികളും പ്രത്യേകിച്ച് കോണ്‍ഗ്രസ്സ് , മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, മുസ്ലീംലീഗ് തുടങ്ങിയ കക്ഷികളും സ്വീകരിക്കുന്നത്. പരസ്യമായ തീവ്രവാദ ബന്ധം വച്ചു പുലര്‍ത്തുമ്പോഴും ഫയാസ് ഈ മൂന്നു പാര്‍ട്ടികള്‍ക്കും ഒരേ പോലെ പ്രിയങ്കരനായി മാറുകയും ചെയ്‌തിരിക്കുന്നു. പരസ്‌പരം പോരാടുമ്പോഴും ദേശവിരുദ്ധ ശക്തികള്‍ക്കു വേണ്ടി ഇത്തരം രാഷ്‌ട്രീയ കക്ഷികള്‍ പരസ്‌പരം കൈകോര്‍ക്കുന്നതിന്റേയും സഹായിക്കുന്നതിന്റേയും കഥകളും അനുദിനം പുറത്തു വന്നു കൊണ്ടിരിക്കുന്നു. രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ഏജന്റുമാരായി ഇരുമുന്നണികളും പ്രവര്‍ത്തിക്കുകയാണ്. റ്റി. പി. ചന്ദ്രശേഖന്‍ വധവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന സി.പി. എം. ക്രിമിനലുകളെ വഴിവിട്ട മാര്‍ഗ്ഗങ്ങളിലുടെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചതും ഈ അവിഹിത ബന്ധത്തിന്റെ തെളിവുകള്‍ തന്നെയാണ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളും സിപിഎം നേതാക്കളായ പി. മോഹനനെയും കിര്‍മ്മാണി മനോജിനെയും കൊടി സുനിയെയും ഫയാസ് ജയിലില്‍ കണ്ടതിന്റെ ദൃശ്യങ്ങള്‍ കോഴിക്കോട് ജയില്‍ സൂപ്രണ്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ മാര്‍കിസ്റ്റുപാര്‍ട്ടിയെ പ്രതികൂട്ടിലാക്കാന്‍ കഴിയുന്ന ഈ സുപ്രധാനരേഖകളും ദൃശ്യങ്ങളും പോലും പുറത്തുവിടുവാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാകാത്തതും ഭീകരവാദ ബന്ധമുള്ളവര്‍ക്കു വേണ്ടി ഇടതുപക്ഷവും വലതുപക്ഷവും തമ്മില്‍ നടക്കുന്ന അഡ്‌ജസ്റ്റ്‌മെന്റുകളുടെ ഭാഗമാണ്.
ഭീകരവാദത്തിന് ആവശ്യമായ സ്വര്‍ണ്ണക്കള്ളക്കടത്തും പാക്കിസ്ഥാന്‍ നിര്‍മ്മിത കള്ള നോട്ടുകളും ഉയര്‍ത്തുന്ന ഭീഷണികള്‍ കേരളത്തില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലത് കഴിഞ്ഞു. കണ്ടൈനറുകളില്‍ കേരള ത്തിന്റെ നഗരങ്ങളിലും ഗ്രാമ ഗ്രാമാന്തരങ്ങളിലും എത്തപ്പെട്ട കണക്കുകള്‍ ഇല്ലാത്ത കള്ള നോട്ടുകളും വിമാനത്താവളങ്ങള്‍ വഴിയും തുറുമുഖങ്ങള്‍ വഴിയും ഗ്രീന്‍ചാനലുകളിലൂടെ ഒഴികെത്തുന്ന സ്വര്‍ണ്ണവും കേരളത്തില്‍ സൃഷ്‌ടിച്ച അസന്തുലിതാവസ്ഥയെപ്പറ്റിയുമുള്ള ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഫയാസിന്റെ അറസ്റ്റിന് ഏതാനും മാസങ്ങള്‍മുമ്പ് പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ എസ് ഐ ക്കു വേണ്ടി കേരളത്തില്‍ കള്ള നോട്ട് വിതരണം ചെയ്‌ത ഏജന്റ് എന്ന് ആരോപിക്കപ്പെടുന്ന അബൂബക്കറിന്റെ അറസ്റ്റും ഇതോടൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതു തന്നെയാണ്.
കണ്ടൈനറുകളില്‍ കേരള തീരത്ത് എത്തിയ നോട്ടുകളെ കുറിച്ചും അതിന്റെ വ്യാപനത്തെ കുറിച്ചും ആദ്യ ചര്‍ച്ചകള്‍ ഉയര്‍ന്നപ്പോള്‍ തന്നെ അതിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണാതെ ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ മേല്‍ വര്‍ഗ്ഗീയത ആരോപിച്ച് ഇത്തരം നീക്കങ്ങളെ വെള്ളപൂശാനാണ് ഇവിടുത്തെ ഭരണകൂടങ്ങളും ഇടതു വലതു രാഷ്‌ട്രീയ നേതൃത്വങ്ങളും ശ്രമിച്ചത്. ഏകദേശം പത്തു വര്‍ഷത്തിലധികമായി കേരളത്തിന്റെ മണ്ണിലേക്ക് പാക്കിസ്ഥാന്‍ നിര്‍മ്മിത കള്ള നോട്ടുകള്‍ ഒഴുകാന്‍ തുടങ്ങിയിട്ട്. ഇക്കാലമത്രയും മാറി മാറി ഭരിച്ച ഭരണ കൂടങ്ങള്‍ സംഘടിത വോട്ടുബാങ്കിനെ ലക്ഷ്യം വച്ച് ഇത്തരം പ്രവര്‍ത്തികളെ കണ്ടില്ലന്നു നടിക്കുകയും ചെയ്‌തു.
മുമ്പ് വെറും വ്യാപാര ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചിരുന്ന കള്ള നോട്ടുകളും സ്വര്‍ണ്ണക്കള്ളക്കടത്തും ഭീകരവാദ സംഘടനകളുടെ ഏറ്റവും വലിയ ആയുധമായി മാറുകയായിരുന്നു. വിപണിയിലേക്ക് കള്ള നോട്ടുകള്‍ ഒഴുക്കാന്‍ പറ്റുന്ന രീതിയില്‍ കച്ചവടത്തിന്റെ ശൈലിയും മാറ്റപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതിന് വാഹനമായും കച്ചവട സ്ഥാപനങ്ങളായും ആ കള്ള നോട്ടുകളും സ്വര്‍ണ്ണക്കള്ളക്കടത്തു മാറ്റപ്പെട്ടിട്ടുണ്ടന്ന ആരോപണവും ശക്തമായി നിലനില്‍ക്കുന്നു.
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നിട്ടുള്ള മുഴുവന്‍ ഭൂമി ഇടപാടുകളെയും, ആഢംബരകാറുകള്‍ വാങ്ങിക്കൂട്ടിയവരെയും, പുതുതായി ആരംഭിച്ച വ്യാപാര സൃംഖലകളേയും അതിന്റെ പിന്നിലെ ആളുകളുടെ പണത്തിന്റെ ഉറവിടത്തേയും പറ്റി സമഗ്രമായി അന്വേഷിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായാല്‍ കേരളത്തിലേക്ക് ഒഴികിയെത്തിയ സ്വര്‍ണ്ണക്കള്ളക്കടത്തിന്റേയും കള്ള നോട്ടുകളുടേയും വ്യാപ്‌തിയും അതിന്റെ ഉപഭോക്താക്കളേയും നിഷ്‌പ്രയാസം കണ്ടെത്താനാവും. ഇപ്പോള്‍ നടക്കുന്ന അന്വേഷണ പ്രഹസനങ്ങള്‍ അവസാനിപ്പിച്ച് കാര്യക്ഷമവും ആത്മാര്‍ഥവുമായ നടപടികള്‍ ഉണ്ടായില്ലങ്കില്‍ കേരളം തീവ്രവാദത്തിന്റേയും ഇതിനെ സഹായിക്കാനുള്ള കള്ളക്കടത്തിന്റേയും കള്ള നോട്ടുകളുടേയും ആസ്ഥാനമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷെ ഇതിനെല്ലാം തടസ്സമായി നില്‍ക്കുന്ന സംഗതി ഇത്തരക്കാര്‍ക്ക് ഭരണ രാഷ്‌ട്രീയ രംഗങ്ങളിലുള്ള പരിധികളില്ലാത്ത സ്വാധീനവും മുന്നണി വ്യത്യാസമില്ലാതെ ഇവരുടെ കൂട്ടുകെട്ടുമാണ്. ഇടതുപക്ഷവും വലതു പക്ഷവും ഒരേ പോലെ ഇക്കൂട്ടരെ സഹായിക്കുവാന്‍ പരസ്‌പരം മത്സരിക്കുന്ന കാഴ്‌ചയാണ് നാം കാണുന്നത്. കേരളത്തില്‍ അയ്യഞ്ചു വര്‍ഷം കൂടുമ്പോള്‍ ഭരണം മാറുന്നു എന്നാണ് വയ്‌പ്. എന്നാല്‍ ഇവിടെ കാലാകാലങ്ങളിലായി ഇവിടെ നടക്കുന്നത് ഇടതു വലത് ഒത്തുകളി ഭരണമാണ്. ഒത്തു തീര്‍പ്പു രാഷ്‌ട്രീയത്തിലൂടെ ഇരുമുന്നണികളും പരസ്‌പരം സഹായിച്ചുകൊണ്ട് അവരവരുടെ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ ഇതിനിടയിലൂടെ ദേശവിരുദ്ധ ശക്തികള്‍ ഇരു കൂട്ടരുടേയും ഇഷ്‌ടക്കാരായി മാറുകയും ചെയ്യുന്നു.
നടുമ്പാശ്ശേരി സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കേസ്സിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടക്കാന്‍ ഒരു സാധ്യതയും നിലവില്‍ കാണുന്നില്ല. ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും അവരെ സഹായിക്കുന്നവരേയും സമുദായത്തിന്റേയും വോട്ടു ബാങ്ക് രാഷ്‌ട്രീയത്തിന്റേയും ഇടുങ്ങിയ കണ്ണുകള്‍ കൊണ്ടു നോക്കികാണാതെ രാജ്യസുരക്ഷയുടെവിശാലമായ കണ്ണുകളോടെ നോക്കി കാണാന്‍ കഴിയാത്ത ഭരണകൂടങ്ങളും അവര്‍ക്കൊപ്പം താളം ചവിട്ടുന്ന പ്രതിപക്ഷവും നാട്ടിലുള്ളടത്തോളം കാലം ഇതൊക്കെ തന്നെ പ്രതീക്ഷിച്ചാല്‍ മതിയാകും.



Comments
Post a Comment